Sunday, November 13, 2011

അടിക്കെടാ അവനെ, ആ പെണ്ണിനെ അവന്‍ ഉപദ്രവിക്കുന്നു.....


നിങ്ങള്‍ തയ്യാറാണോ,പൊതുസ്ഥലത്ത് ഒരു സ്ത്രീ ഉപദ്രവിക്കപ്പെടുകയാണെങ്കില്‍ അതിനെതിരെ ശബ്ദം ഉയര്‍ത്താനും പ്രതികരിക്കാനും നിങ്ങള്‍ തയ്യാറാണോ???

അശ്ലീല കമന്‍റുകള്‍ പറയുക, ദേഹത്ത് സമ്മതമില്ലാതെ ഏതെങ്കിലും തരത്തില്‍ സ്പര്‍ശിക്കുക, ഒരു പെണ്‍കുട്ടിയോട് ഇത് നിങ്ങളുടെ കണ്‍മുന്നില്‍ വെച്ച് ചെയ്യുന്നത് കണ്ടാല്‍ അടിച്ചു അവന്‍റെ കരണകുറ്റി പൊട്ടിക്കാന്‍ നിങ്ങള്‍ തയ്യാറാവണം.....

നിങ്ങള്‍ ഒരു സ്ത്രീയാണോ, നിങ്ങള്‍ക്ക്‌ ഒച്ചയിട്ടു ആളെ കൂട്ടാമല്ലോ, അല്ലെങ്കില്‍ കയ്യില്‍ ബാഗോ കൊടയോ ഉണ്ടെങ്കില്‍ തലമണ്ട നോക്കി ഒന്ന് പൊട്ടിക്കാമല്ലോ, അങ്ങനെ ഒക്കെ ചെയ്യണം നിങ്ങള്‍....

അവസാനമായി, കേരളത്തിലെ യുവജനങ്ങളേ, അതായത് സ്കൂളിലും കോളേജിലും പോകുന്ന നമ്മുടെ സ്വന്തം അനിയന്മാരെ ചേട്ടന്മാരെ, ഒന്ന് കണ്ണ്തുറന്നു നോക്കിയാല്‍ കാണാം ഇത്തരം ആയിരം സംഭവങ്ങള്‍ നിങ്ങളുടെ ചുറ്റിനും, അങ്ങനെ ഒരുത്തനെ കണ്ടാല്‍ അടിച്ചു അവന്‍റെ പല്ല് കൊഴിക്കണം, അങ്ങനെ ഈ രോഗികളെ ഭയപ്പെടുത്തി മര്യാദക്കാരാക്കണം.....സര്‍ക്കാരോ പോലീസോ വരുന്ന വരെ കാത്തുനില്‍ക്കണ്ട....അവനൊന്നും നീതിയുടെ ഒരു ഇളവും അര്‍ഹിക്കുന്നില്ല,

ഒരുതവണ നിങ്ങള്‍ ഈ അനീതിക്ക് എതിരേ ഒന്ന് പ്രവര്‍ത്തിച്ചു നോക്കൂ, സമൂഹത്തിനോടുള്ള നിങ്ങളുടെ പ്രതിബദ്ധത ഒരു തവണ നിറവേറ്റി നോക്കൂ......
നിങ്ങളുടെ കയ്യുടെ ശക്തിക്കും മനസ്സിലെ നന്മക്കും മാത്രമേ ഈ സമൂഹത്തെ നന്നാക്കാന്‍ കഴിയൂ.....

നിങ്ങളുടെ അമ്മമാരെയും പെങ്ങമ്മാരെയും സുരക്ഷിതരാക്കാന്‍ കഴിയൂ....

പ്രതികരിക്കൂ, കൂട്ടുകാരോടും പ്രതികരിക്കാന്‍ ആഹ്വാനിക്കൂ....

ആണത്തം നന്മയുടെ പ്രവര്‍ത്തികള്‍ ധീരതയിലൂടെ ചെയ്തു  തെളിയിക്കൂ.....

അടിക്കുറുപ്പ്: സദാചാര പോലീസ് ചമഞ്ഞു വഴിയേ പോകുന്ന എല്ലാവരെയും തല്ലിക്കൊല്ലാന്‍ ഉള്ള ആഹ്വാനം അല്ല ഇത്, മറിച്ച് വിവേചനബുദ്ധി ഉപയോഗിച്ചു അനീതിക്ക് എതിരേ പ്രതികരിക്കാനുള്ള അപേക്ഷ ആണ്....

Friday, November 11, 2011

പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍





നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,


നിബിഡവനോദര നിര്‍ജ്ജന വീഥിയില്‍ നീശീഥ നിശ്ശബ്ദതയില്‍,


ശരം വലിച്ചു തൊടുത്തത് പോലാ ശബ്ദം മൂളി കാറ്റില്‍..
വിദൂര കാനന ഗുഹാ മുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടൂ,
നില്‍ക്കുക രാജകുമാരാ നില്‍ക്കുക നില്‍ക്കുക രാജകുമാരാ,


കുതിച്ചു പായും കുതിരയെ വഴിയില്‍ കുറച്ചു നിമിഷം നിര്‍ത്തീ,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...


അച്ഛന്‍ നല്‍കിയ പടവാളും മുത്തച്ഛന്‍ നല്‍കിയ കഞ്ചുകവും
ഏഥന്‍സിന്‍റെ അജയ്യമനോഹര രാജകിരീടവുമായി, പുരാതന ഗ്രീസ്സാകെയുണര്‍ത്തിയ പൌരുഷമൊന്നു തുടിച്ചു,
തിരിഞ്ഞു ചുറ്റും കണ്ണോടിച്ചു തിസ്യുസ്‌ രാജകുമാരന്‍...






കണ്ണിനു ചുറ്റും കൊടും തമസ്സിന്‍ കനത്തചുമരുകള്‍ നിന്നു,
ചെവിക്കു ചുറ്റും  ചീവീടുകളുടെ ചൂളം വിളികളുയര്‍ന്നു...
കുനുകുനെ മിന്നിക്കെടുന്ന മിന്നാമിനുങ്ങു തിരികളുമായി,
അലയും കാണാകാനന കന്യകളന്വേഷിക്കുവതാരെ...


ശിശിരിതകാന്താരന്തരപാദപ ശിഖരശതങ്ങളിലൂടെ തടഞ്ഞുമുട്ടി തെന്നലലഞ്ഞു തലയ്ക്കു ലക്കില്ലാതെ,
ഒരാളനക്കവുമെങ്ങും കണ്ടീലിരുണ്ടകാനന ഭൂവില്‍,
വിദൂര വീഥിയില്‍ നിന്നുമുറക്കനെ വിളിച്ചതാരാണാവോ?
ശരം വലിച്ചു തൊടുത്തതുപോലാ ശബ്ദം വീണ്ടുമുയര്‍ന്നു
നില്‍ക്കുക യാത്രക്കാര നില്‍ക്കുക നില്‍ക്കുക യാത്രക്കാരാ...


പടവാളൂരിയെടുത്തു ചുഴറ്റിപ്പറഞ്ഞു രാജകുമാരന്‍,
ഒളിച്ചു നില്‍ക്കാതിവിടെക്കെത്തുക  വിളിച്ചതാരായാലും...


വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,
കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,
ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍...
വിദൂര കാനന ഗുഹാമുഖങ്ങളില്‍ അതിന്‍റെ മാറ്റൊലി കേട്ടു....


അന്വേഷിച്ചൂ രാജകുമാരന്‍ മന്ദസ്മേരത്തോടെ,
വനാന്തരത്തിലെ വിരുന്നുകാരാ മനസ്സിലായില്ലല്ലോ?


ഉറക്കെ വീണ്ടുമുറക്കെ പൊട്ടിച്ചിരിച്ചു കൊണ്ടവനോതീ,
പ്രോക്രൂസ്റ്റ്സ്സിനെ നീയറിയില്ലേ പറഞ്ഞു കേട്ടിട്ടില്ലേ...


പറഞ്ഞു പണ്ടേ കേട്ടിട്ടുണ്ടാ പരാക്രമത്തിന്‍ കഥകള്‍,
ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍.....


അവനെക്കണ്ടാല്‍ വഴിയാത്രക്കാര്‍ അകന്നു പേടിച്ചോടും,
അനുനയവാക്കുകള്‍ ചൊല്ലിക്കൊണ്ടവന്‍ അവരുടെ പിറകേ കൂടും,
വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും...
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും...
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും,
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും....
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും...




ഉള്‍ക്കിടിലത്തോടാളുകള്‍ പറയും പ്രോക്രൂസ്റ്റ്സ്സിന്‍ കഥകള്‍,
തിസ്യൂസിന്‍റെ മനസ്സില്‍ നിരന്നൂ, തിളച്ചുയര്‍ന്നൂ രക്തം...




ഖഡ്ഗമുയര്‍ന്നൂ മുസലമുയര്‍ന്നൂ, കാടൊരു അടര്‍ക്കളമായീ,
ഇരുംബിരുംബിലുരഞ്ഞൂ ചുറ്റിലും ഇടിമിന്നലുകളുയര്‍ന്നൂ,


അടിച്ചുവീഴ്ത്തീ പ്രോക്രൂസ്‌റ്റസ്സിനെയായുവ രാജകുമാരന്‍,
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ അവനെ വരിഞ്ഞുമുറുക്കീ,
എല്ലുകളാല്‍ തലയോടുകളാല്‍ തലതല്ലിയ തറയുടെ നടുവില്‍,
അരിഞ്ഞെറിഞ്ഞൂ പ്രോക്രൂസ്റ്റ്സ്സിന്‍ ശിരസ്സുമുടലും താഴെ.....


യവനചരിത്രാതീത യുഗങ്ങളെയടിമുടിപുളകം ചാര്‍ത്തി,
തിസ്യൂസന്നുമുതല്‍ക്കൊരനശ്വര നക്ഷത്രക്കതിരായീ....
കയ്യിലോളിമ്പസ്സ് പര്‍വ്വതമേന്തിയ കന്നിനിലാത്തിരിയായീ,
ഹോമറിനാത്മ വിപഞ്ചികയിങ്കലൊരോമന ഗീതകമായീ,




അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടൂ,
പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ....


അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ  ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ...


പ്രത്യയശാസ്ത്രശതങ്ങളുരുക്കീ    പ്രകടപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍....
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..


അവരുടെ കട്ടിലിനേക്കാള്‍ വലുതാണവന്‍റെ ആത്മാവെങ്കില്‍,
അരിഞ്ഞു ദൂരെത്തള്ളും കത്തിക്കവന്‍റെ കയ്യും കാലും..
അവരുടെ കട്ടിലിനേക്കാള്‍ ചെറുതാണവന്‍റെ ആത്മാവെങ്കില്‍,
വലിച്ചു നീട്ടും ചുറ്റികകൊണ്ടവരവന്‍റെ കയ്യും കാലും,
കക്ഷിതിരിഞ്ഞവര്‍ ഗുഹാമുഖങ്ങളില്‍ നില്‍ക്കുകയാണീ നാട്ടില്‍.....


ഉയിര്‍ത്തെഴുന്നേറ്റ്, ഉടവാളൂരീ,    പ്രയത്നമുദ്രയുമായി,
തിരയും മാനവമനോരഥത്തില്‍ തിസ്യൂസെത്തുവതെന്നോ.......