Sunday, May 1, 2011

മരപ്പാവകള്‍....

കപിലിന്‍റെ ചെകുത്താന്മാര്‍ക്കു ശേഷം ധോണിയുടെ ചുണക്കുട്ടികള്‍ ലോകം കീഴടക്കി. നൂറുകോടി ജനങ്ങള്‍ കാത്തിരുന്ന മുത്തങ്ങങ്ങള്‍ സ്വീകരിച്ച് പതിന്മടങ്ങ് പൊന്നിന്‍ തിളക്കവുമായി ലോകകപ്പ് നമ്മുടെ സ്വന്തം ഇന്ത്യയിലേക്ക്.. കയ്യില്‍ രണ്ട് ബിയര്‍ ബോട്ടിലുകളുമായി നമ്മള്‍ തെരുവിലേക്കും.. ആഹ്ലാദത്തിന്‍റെയും അഭിമാനത്തിന്‍റെയും നിമിഷങ്ങള്‍...

ബിയറി
ന്‍റെ കെട്ടടങ്ങി പിന്നെയും പകലിന്‍റെ യാഥാര്‍ത്ഥ്യത്തിലേക്ക് നാടും നാട്ടാരും മടങ്ങി.. 

പക്ഷേ ആഹ്ലാദം അവസാനിയ്ക്കുന്നില്ല അഭിമാനവും.. വാനോളം എത്തിയ അഭിമാനം പണത്തി
ന്‍റെ ചെണ്ടുകളായി വര്‍ഷിയ്ക്കുന്നു.. യുദ്ധം ജയിച്ചരെ പണം കൊണ്ട് മൂടാന്‍ മത്സരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍..

സച്ചിന്‍, ധോണി, സഹീര്‍, ഗംഭീര്‍......നിര്‍ലോഭം ഒഴുകുകയായിരുന്നു കോടികള്‍, വില്ലകള്‍, ഫ്ലാറ്റുകള്‍.. ഹൊ.. പിന്നെ എന്തു വേണം...!! യുദ്ധം ജയിച്ചതിനേക്കാള്‍ ആഹ്ലാദം....

എന്തിനാണ്  ഈ പണം?...ങേ എന്തിനാണ് പണമെന്നോ?? ച്ഛെ.. വിഡ്ഡിച്ചോദ്യം.... 

എന്തിനാണ് ഇത്രയധികം പണം??   കളിയാക്കണ്ട... എന്തോ എനിക്കങ്ങോട്ട് ദഹിക്കുന്നില്ല.. ചിലപ്പോ അസൂയയാവാം..എന്നാലും ദഹിക്കുന്നില്ല.

സൂചി കുത്താനിടമില്ലാത്ത ബാംഗ്ലൂരില്‍ ഭൂമി തരാം വീടുതരാം എന്നൊക്കെ പറയുന്ന് അവിടുത്തെ മുഖ്യന്‍..നമ്മളെ പോലെ തന്നെ അസൂയ മൂത്ത ആരേലും ആവും ഒരാള്‍ കേസു കൊടുത്തു അങ്ങനെ ഭൂമി 25 ലക്ഷം രൂപ വീതം ആയി.. അസൂയക്കാരന്‍ വെറുതേ ഇരിക്കുമോ.. ദേ പിന്നേം കേസ്.. അതിനി അവര്‍ കേസൊക്കെ നടത്തീട്ട് വരട്ടെ....

പണ്ട് നമ്മടെ നാട്ടില്‍ ഒരു മന്ത്രി ആദിവാസി കോളനീപ്പോയി ‘പുകയില്ലാത്ത അടുപ്പും കക്കൂസും‘ വാഗ്ദാനം ചെയ്ത കഥ ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്.. 
ഏതോ ഒരു നിഷ്കളങ്കന്‍ ചോദിച്ചുവത്രേ...

 “അടുപ്പു പുകയില്ലെങ്കില്‍ പിന്നെ എന്തിനാണു സാറേ ഞങ്ങക്ക് കക്കൂസ് ???“ 

അങ്ങനെ പോകുന്നു വാഗ്ദാനങ്ങളുടെ കഥ... 

എന്നാലും ഇത്രേം കാശിങ്ങനെ വാരിക്കോരിക്കൊടുക്കാന്‍ ഈ മന്ത്രിമാര്‍ക്കൊക്കെ എന്ത് അവകാശം ആണുള്ളത്..പോട്ടെ ഇത്രേം കാശൊക്കെ നമ്മുടെ ഖജനാവുകളില്‍ ഉണ്ടോ??. അമ്മായിയപ്പനു സ്ത്രീധനം കിട്ടിയതാണെന്നൊക്കെ ചിലര്‍ പറയുമാരിക്കും.. എന്നു കരുതി നമ്മക്ക് അതങ്ങ് അംഗീകരിച്ച് കൊടുക്കാന്‍ പറ്റുവോ.. നോ നെവര്‍.. 

അതും ഒന്നും രണ്ടും എങ്ങാനും ആണോ... പുട്ടിന്നു തേങ്ങ ഇടുന്ന പോലെ അല്ലേ കോടികള്‍ വാരി വാരി ചാമ്പുന്നെ.... ഹോ ആ കാശൊണ്ടാരുന്നേല്‍ എത്ര പരിപ്പുവട തിന്നാരുന്നു..

പരിപ്പുവട പോട്ടെ.. എത്ര വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാമായിരുന്നു,എത്ര രോഗികള്‍ക്ക് നല്ല ചികിത്സ നല്‍കാമായിരുന്നു. അതുമല്ലെങ്കില്‍ ഇനി ഒരു സുനാമി വന്നാലും ഇളകില്ല എന്ന മട്ടില്‍  ഫയലുകളില്‍ ഉറച്ചിരിക്കുന്ന വീടുകള്‍ക്ക് അടിത്തറയും മേല്‍ക്കൂരയും ഒരല്‍പ്പം നിറവും പകരാമായിരുന്നു. അതും പോട്ടെ... നേരത്തേ പറഞ്ഞ അടുപ്പും കക്കൂസും എങ്കിലും കൊടുക്കാമായിരുന്നില്ലെ..??

ദാരിദ്ര്യവും തൊഴിലില്ലായ്മയും വൃത്തിഹീനമായ അന്തരീക്ഷവും കൊണ്ട് കുപ്രസിദ്ധമായ എത്ര നാടുകള്‍ ഉണ്ട് നമ്മുടെ ഇന്ത്യാ മഹാരാജ്യത്ത്..എത്ര ചേരികള്‍ ഉണ്ട്..എത്ര കുഞ്ഞുങ്ങള്‍ അഴുക്കുചാലില്‍ അന്തിയുറങ്ങുന്നു.. ആ.. ആര്‍ക്കറിയാം അല്ലേ....
ആരു പോകും അവിടൊക്കെ...ആകെ ചളിയും നാറ്റവും കൊതുകും... ഹോ ഓര്‍ക്കുമ്പോ തന്നെ മനപിരട്ടും...

പണ്ടൊരു ചിത്രകാരന് മത്സരത്തില്‍ ഒന്നാം സമ്മാനം കിട്ടിയ കഥ കേട്ടിട്ടുണ്ട്..

വിഷയം പതിവുപോലെ  ‘ദരിദ്ര ഭാരതം’

സഹവരയന്മാര്‍ വര തുടങ്ങിയപ്പൊഴേക്കും നമ്മടെ നായകന്‍ വര കഴിഞ്ഞിരുന്നു..

ചുക്കിലി വലയും മാറാലയും പിടിച്ച് ഉണങ്ങിത്തേഞ്ഞ ഒരു ആസനവും..” വല്ലതും തിന്നിട്ടു വേണ്ടേ?????“ എന്ന് ഒരു ഒന്നാന്തരം അടിക്കുറിപ്പും. ... സംഗതി ക്ലീന്‍...

ആരും അവനവ
ന്‍റെ ആസനത്തിലേക്ക് നോക്കീട്ട് ദേശദ്രോഹത്തിനു ചിത്രകാരന്‍റെ കുത്തിനു പിടിയ്ക്കാന്‍ നിക്കണ്ട... ലവന്മാര്‍ ഓസ്കാറുകള്‍ വാരിക്കൂട്ടുമ്പോ കയ്യടിച്ച് അര്‍മാദിച്ച ഒരു തെരുവു പട്ടിയ്ക്കും.. നമ്മളില്‍ ഒരു തെരുവു പട്ടിയ്ക്കും അതിനുള്ള അവകാശം ഇല്ല..

കഥ കേട്ട് ആദ്യം ഒന്നു ചിരിച്ചു.. പിന്നെയും ചിരിച്ചു.. ചിരിച്ച്.ചിരിച്ച്. ചിന്തിച്ചു.

എത്ര ജന്മങ്ങള്‍ ഉണ്ട് നമ്മുടെ ഭാരത ഭൂമിയില്‍ ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്തവരായ്.. ആ ഇന്ത്യയിലാണ്  കോടികള്‍ക്ക് കൊടിച്ചിപ്പട്ടികളുടെ പോലും വിലയില്ലാത്ത ഈ ആഭാസങ്ങള്‍ എന്നോര്‍ക്കുമ്പോള്‍
ഒരല്‍പ്പം അതിമോഹം ആയിരിക്കും എന്നാലും ചോദിയ്ക്കുവാ... ഈ കോടികളില് ഒരു ഇത്തിപ്പോരം കാശെടുത്ത്  നമ്മടെ പാവം കേരള സര്‍ക്കാരിന് കൊടുത്തിട്ട്,
“ഇങ്ങനെ ഒറ്റ ദിവസം കൊണ്ട് പതിനഞ്ച് പേരെ പ്രസവിപ്പിയ്ക്കാതെ..അമ്മമാര്‍ക്ക് ഒന്നു സമാധാനമായിട്ട്,ശ്വാസമെടുത്ത് പ്രസവിയ്ക്കാനുള്ള അവസരവും സൌകര്യവും ചെയ്ത് കൊടുക്ക്..” എന്നെങ്കിലും പറയാരുന്നില്ലേ എവമ്മാര്‍ക്ക്...?? 


ഓഹ്..പിന്നേ കോപ്പാ...ഒര്  അമ്മമാര്..... അവരു ലോകകപ്പൊന്നും നേടീല്ലല്ലോ...പാവം സച്ചിനും ധോണിയുമൊക്കെ ഇന്നെലേം കൂടി അത്താഴപ്പട്ടിണി ആയിരുന്നുവത്രേ..



വീട്ടില്‍ എവിടെ ചവിട്ടിയാലും ഗാന്ധിജിയുടെ കണ്ണട പൊട്ടും എന്ന അവസ്ഥയോളം പണം കുമിഞ്ഞ് കൂടി കൊഴുത്തു കിടക്കുന്ന ക്രിക്കറ്റ് ദൈവങ്ങള്‍ക്ക് കോടികള്‍ കൊണ്ട് അര്‍ച്ചന നടത്തിയ നമ്മുടെ ഭാരത മന്ത്രിമാര്‍ ഒരു വശത്ത്  ഇനിയൊരു വശത്ത്  വേറെ നല്ല രണ്ട് മന്ത്രിമാര്‍.. ലോകത്തിനു മുഴുവന്‍ മാതൃകയാക്കാന്‍ കഴിയുന്നവര്‍.. നല്‍കുന്നത് പോയിട്ട് വെറും വാഗ്ദാനം പോലും ചെയ്യില്ല ടിയാന്മാര്‍..

ഹൊ.. എന്തു നല്ല മന്ത്രിമാര്‍.. സ്നേഹിച്ചാല്‍ സ്നേഹിക്കുന്നവനു ചങ്കു പോലും പറിച്ച് കൊടുക്കുന്ന തമിഴ് നാട്ടിലാണ്  സ്നേഹത്തി
ന്‍റെയും അനുകമ്പയുടെയും മൂര്‍ത്തിമത് ഭാവമായ ഇവര്‍..

ഒരു സാധാരണക്കാരനു അപകടം സംഭവിച്ചാല്‍ പോലീസുകാരുണ്ട്.. പോലീസുകാരനു അപകടം സംഭവിച്ചാലോ...?? സത്യം പറയാല്ലോ... 

ഒരു പട്ടിയും ഉണ്ടാകില്ല...

സംഭവം ഇങ്ങനെ..

സമയത്തിനു പൊന്നു വിലയുള്ള രണ്ട് മന്ത്രിമാര്‍,ഒരു കളക്ടര്‍,പിന്നെ ചില്ലറ കിടുപിടിയും പരിവാരങ്ങളും ഇങ്ങനെ എല്ലാരും കൂടി വെള്ളക്കാറുകളിള്‍ തിരക്കു കുറഞ്ഞ ഒരു വഴിയിലൂടെ.. വായു ഗുളിക വാങ്ങാന്‍ നൂറെ നൂറ്റിപ്പത്തേ.. നൂറെ നൂറ്റിപ്പത്തെ... പറക്കുകയാണു... സ്പീഡ് ഇച്ചിരി കൂടിയാലേ ഉള്ളൂ.. ഒട്ടും കുറയില്ല... സംഗതി വായൂ
ന്‍റെ അസ്കിതയാണേ...

ക്യമറ അവരുടെ കൂടെ വരട്ടെ.. നമ്മക്ക് ഇച്ചിരി മുന്‍പേ പോകാം..


സംഗതി അടിയാണോ പിടിയാണോ ഗ്യാംഗ് വാറാണോ അതോ ക്വട്ടേഷനാണോ... ഒരു വെട്ടുകത്തിയും മറിഞ്ഞ് വീണ ഒരു ബൈക്കും ഹെല്‍മറ്റും പിന്നെ ഒട്ടും വിലയില്ലാത്ത ഒരു ജീവനും.. വഴിയുടെ നടുക്കാണ് കിടപ്പ്.. ആ വിലയില്ലാത്ത ജീവ
ന്‍റെ നിറം ചുവപ്പില്‍ കുതിര്‍ന്ന കാക്കിയും..ആള്‍ പൊലീസ് തന്നെ.. അറ്റുപോയ കാലില്‍ നിന്ന് പ്രാണന്‍ കടും ചുവപ്പായി അങ്ങനെ ഒഴുകുകയാണു.. ഈ രംഗത്തേക്കാണ് നമ്മടെ അസ്കിത ഉള്ള ടീം വന്ന് സഡന്‍ ബ്രേക്കിട്ടത്.. വെള്ളക്കാറല്ലേ... ടയറില്‍ പോലും ചോര പറ്റരുതെന്ന് കരുതിയാവും..
പിന്നെ അവിടെ ഒരു ബഹളമായിരുന്നു ആരൊക്കെയൊ ഇറങ്ങുന്നു,തെക്ക് വടക്ക് ഓടുന്നു..ഉറക്കെ വിളിച്ച് കൂവുന്നു.
തിരക്കിട്ട നിമിഷങ്ങള്‍...ആ തിരക്കിനിടയില്‍ കേള്‍ക്കാഞ്ഞിട്ടാണോ എന്തോ..പാവം പോലീസുകാരന്‍ കരഞ്ഞു നിലവിളിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും കിട്ടാതെ പോയത്..??
അല്ല.....
ആരും കാണാഞ്ഞിട്ടാണോ  അറ്റുപോയ കാലുമായി നിലത്ത് കിടന്ന് കയ്യുര്‍ത്തി യാചിച്ച ആ ജീവ
ന്‍റെ അടുത്തേക്കു പോലും ഒരു മനുഷ്യനും കടന്ന് ചെല്ലാതിരുന്നത്..??
ഒരിക്കലുമല്ല..

ഇവിടെയാണ് നമ്മുടെ മന്ത്രിമാരുടെ മനുഷ്യത്വം നമ്മള്‍ തിരിച്ചറിയുന്നത്..

കാറി
ന്‍റെ ടയറില്‍ ചോര പറ്റിയാല്‍ പറ്റട്ടെ.. എന്നാലും എന്‍റെ ചെരുപ്പേല്‍ ചോര പറ്റരുത്..

ഒരു മനുഷ്യ ജീവന്‍ അതും ഒരു സബ് ഇന്‍‌സ്പെറ്റര്‍..തൊട്ടു മുന്നില്‍ പിടഞ്ഞു മരിയ്ക്കുന്നത് കാ‍റി
ന്‍റെ സണ്‍‌ഗ്ലാസിലൂടെ ജാലവിദ്യകാണുന്ന കൊച്ചുകുട്ടിയുടെ കൌതുകത്തോടെ കണ്ടു രസിച്ചു ഈ രണ്ട് മഹാന്മാര്‍.

കളക്ടര്‍ കുറച്ച് നേരം ഇരുന്നും നിന്നും കാഴ്ച്ച ഒക്കെ കണ്ടു.. വെയിനു ചൂടേറിയപ്പോ പതുക്കെ കാറിലേക്ക് പിന്മാറി.. കൂടിയാലോചന ചര്‍ച്ചകള്‍ വാഗ്വാദങ്ങള്‍.. സമയം പിന്നെയും മുന്നോട്ട് തന്നെ..

തീരുമാനം ആയി.. ആരുടെം വണ്ടീല്‍ ചോര ആക്കണ്ട.. 

കളക്റ്റര്‍ ഇറങ്ങി മൊബൈല്‍ എടുത്ത് ഉത്തരവിട്ടു.. വരട്ടെ ആംബുലന്‍സ് ഒരെണ്ണം..

പിന്നെയും കാത്തിരുപ്പ്.. എതായാലും ഇത്രെം നേരം കിടന്നില്ലേ... കുറച്ച് നേരം കൂടി കിടക്കട്ടെ.. അതു വരെ എന്തിനാ നമ്മള്‍ വെയിലു കൊള്ളുന്നെ !!.. തണലത്തോട്ട് മാറിനിന്നു കളക്ടര്‍...

മിനറല്‍ വാട്ടര്‍ കുടിയ്ക്കാനുള്ള സ്റ്റാന്റേര്‍ഡ് വെറും ഒരു ലോക്കല്‍ എസ് ഐ’ക്കു ഇല്ലെന്ന് കണ്ടിട്ടാവും.. വെള്ളം പോലും കൊടുക്കാഞ്ഞതും..

കാത്തിരിപ്പിനൊടുവില്‍ ആമ്പുലന്‍സ് വന്നു..
അല്ല.. ആംബുലന്‍സ് വരില്ല എന്ന അറിയിപ്പു വന്നു..

പിന്നെയും വാഗ്വാദങ്ങള്‍,തര്‍ക്കങ്ങള്‍ 

ഒടുവില്‍ പുഴുത്ത പട്ടിയെ പോലെ ആ മൃതപ്രായന്‍ ഒരു പോലീസ് കാറിലേക്ക്..... അതും വെളുത്തത് ....ഹൊ മഹാത്ഭുതം....ചിലപ്പോ പോലീസി
ന്‍റെ ആയോണ്ടാരിക്കും.. അതില്‍
എ സി’യും തൂവെള്ള ടവലും ഒന്നും ഇല്ലല്ലോ....

യാത്ര തുടങ്ങിയെങ്കിലും, അത്രയും നേരം പിടിച്ച് നിര്‍ത്തിയ ജീവനെ ആശുപത്രില്‍ വരെ എത്തിയ്ക്കാന്‍ മാത്രമുള്ള ജീവരക്തം ആ പാവം മനുഷ്യനില്‍ ബാക്കിയുണ്ടായിരുന്നില്ല..

 സര്‍ക്കാരിന് സെന്‍സസ് പട്ടികയില്‍ ചിലവാക്കിയ ഒരു തുള്ളി മഷിയുടെ ഭീമ’മായ നഷ്ടം വരുത്തി വച്ചു കൊണ്ട് രണ്ട് മന്ത്രിമാരുടെയും ഒരു കലക്ടറുടെയും നിരവധി ആള്‍ക്കാരുടെയും മുന്നില്‍ ഒരു മന്യുഷ്യ ജന്മത്തി
ന്‍റെ ഏറ്റവും ദയനീയമായ രംഗങ്ങളിലൊന്നിനെ സമ്മാനിച്ച
ഒരു ജീവിത നാടകത്തി
ന്‍റെ കൂടി ക്ലൈമാക്സ് അവസാനിച്ചു.

ഡോക്ടര്‍മാര്‍ നിസഹായതയോടെ കൈ മലര്‍ത്തി.. “ ഒരല്പം കൂടി മുന്‍പേ എത്തിച്ചിരുന്നെങ്കില്‍.....”

ജീവനറ്റ ശരീരത്തി
ന്‍റെ ജീവന്‍ രക്ഷിയ്ക്കാന്‍ പോലീസ് കാര്‍ കുതിച്ച് പായുമ്പോള്‍..

 അരമണിയ്ക്കൂറോളം കാറിലിരുന്നു ചന്തി പെരുത്തത് കൊണ്ടാവാം, ഇറങ്ങി, മുണ്ട് മടക്കിക്കുത്തി,നെഞ്ച് വിരിച്ച് കൈകള്‍ ചൂണ്ടി നിര്‍ദ്ദേശങ്ങളും ആക്രോശങ്ങളുമായി ഒരു  ജനകീയ നാടകം തകര്‍ത്തഭിനയിക്കുകയായിരുന്നു നമ്മുടെ ഇരട്ട നായകരിലൊരാള്‍‍..


എത്ര നായകന്മാര്‍ മാറിമാറി വന്നാലും.. നാടകങ്ങള്‍ അവസാനിയ്ക്കുന്നില്ല...

കപട ജനകീയ നാടകങ്ങള്‍...


http://www.youtube.com/watch?v=qsrO_jirDBw



നടുക്കണ്ടം:

ആരായിരുന്നു സബ് ഇന്‍‌സ്പക്ടര്‍ ആര്‍. വെട്രിവേല്‍?.
അറിയില്ല,ഇതിനു മുന്‍പ് കേട്ടിട്ടേ ഇല്ല ആ പേര്. 
കണ്ടും അറിഞ്ഞും അടുത്തും അറിഞ്ഞും പരിചയം ഉണ്ടായിരിക്കില്ല.
എന്നാലിന്ന് അദ്ദേഹം ഒരു  ചോദ്യമാണ്..ഒന്നല്ല ഒരായിരം ചോദ്യങ്ങളാണ്..

സമൂഹമേ... എവിടെയാണ് നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടമായത്..? എവിടെ വച്ചാണ് നിങ്ങളുടെ മനുഷ്യത്വം പുഴുവരിച്ചത് ?
ഏത് വറുതിയിലാണ് നിങ്ങളുടെ ഹൃദയം പാറപോലെ ഉറച്ച് പോയത്..? ഏത് ശൈത്യത്തിലാണ് നിങ്ങളുടെ മനസാക്ഷി മരവിച്ചു പോയത്..?

ഒരു പോലീസുകാരന്‍ ഒരു ഭര്‍ത്താവ്, ഒരച്ഛന്‍, എല്ലാത്തിനുമുപരിയായ് ഒരു പച്ചമനുഷ്യന്‍ തെരുവു ഗുണ്ടകളുടെ കൊലക്കത്തിയ്ക്കിരയായി രക്തം വാര്‍ന്ന് നടു റോഡില്‍ പ്രാണനു വേണ്ടി കെഞ്ചിയപ്പോള്‍ എന്തേ നിങ്ങളുടെ കണ്ണുകള്‍ക്ക് തിമിരം ബാധിച്ചു?? എന്തേ നിങ്ങളുടെ കാതുകള്‍ ബധിരമായി?

ചോരവാര്‍ന്നു വിളറിയ തൊണ്ടയില്‍ നിന്നുയരുന്ന ചിലമ്പിച്ചതെങ്കിലും മൂര്‍ച്ചയുള്ള ചോദ്യങ്ങള്‍..‍..

ഉത്തരം കണ്ടെത്താന്‍ കഴിയുമെങ്കില്‍ സ്വയം ചോദിച്ച് നോക്കുക.. ഒരു ജീവന്‍ കണ്മുന്നില്‍ കിടന്ന് പിടഞ്ഞപ്പോള്‍ എന്തേ സ്വന്തം കൈകള്‍ അദൃശ്യമായി കെട്ടപ്പെട്ടതെന്ന്.

ഒന്നു താങ്ങിയിരുത്തി,ഒരല്‍പ്പം വെള്ളം കൊടുത്ത് ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം മുന്‍പേ ചികിത്സനല്‍കാന്‍ കണ്ടുനിന്ന ഒരു മൃഗത്തിനും കഴിഞ്ഞില്ല... കഴിയാഞ്ഞത് കൊണ്ടല്ല.. ശ്രമിച്ചില്ല..

ഒരു ആരോഗ്യവകുപ്പ് മന്ത്രിയും ഒരു സ്പോര്‍ട്സ് മന്ത്രിയും ഒരു ജില്ലാ കലക്ടറും അകമ്പടിപ്പോലീസ് ഫോഴ്സും നാട്ടുകാരും ഉള്‍പ്പെടുന്ന
ഒരു നിഷ്ക്രിയ,നിര്‍ഗുണ സമൂഹത്തിന്റെ പരിച്ഛേദം അപ്പാടെ നോക്കി നില്‍ക്കെ കല്ലിനെ പോലും അലിയിക്കുന്ന ദാരുണതയോടെ ആര്‍.വെട്രിവേല്‍ രക്തം വാര്‍ന്ന് ജീവന്‍ വെടിഞ്ഞു.

that's all..end of the story..

ഒരു നിമിഷം ചിന്തിച്ചു നോക്കൂ.. ഒന്നുറക്കെ ചിന്തിച്ച് നോക്കൂ.. ഇതാണോ നമ്മുടെ മാനുഷികത?? ഇതാണോ ഒരു മനുഷ്യനു വേണ്ട ധാര്‍മ്മികത.. എന്തിനു വേണ്ടിയാണ് നമ്മളിങ്ങനെ ജീവിയ്ക്കുന്നത്.. മൃഗങ്ങളെ പോലെ..

ഇവിടെയാണ് ഇന്ത്യയ്ക്ക് മാറ്റം ആവശ്യമായുള്ളത്..

ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കേണ്ടത് ഇവിടെയാണ്. 
പ്രതികരണ ശേഷിയുള്ള ഒരു യുവജനതയെ വാര്‍ത്തെടുക്കേണ്ടത് പുതിയ സംഘടനയുണ്ടാക്കിയല്ല. ഇലക്ഷനോ നേതാവോ പാര്‍ട്ടിയോ മുദ്രാവാക്യമോ ആവശ്യമില്ല.

എനിയ്ക്ക് എന്നെ തിരുത്താന്‍ കഴിയുമെങ്കില്‍‌, നിനക്കു നിന്നെ തിരുത്താന്‍ കഴിയുമെങ്കില്‍, അവര്‍ക്ക് അവരെ തിരുത്താന്‍ കഴിമെങ്കില്‍..

മതി.. അത്രയും മതി... അവിടെയാണ് മാറ്റം ഉണ്ടാവുന്നത്.. ഒരു പുതിയ ഇന്ത്യ ഉണ്ടാകുന്നത്..

ഞാന്‍,നീ, അവര്‍ അങ്ങനെ അങ്ങനെ ഒരോ യുവാവും യുവതിയും സ്വയം തിരുത്താന്‍ തയ്യാറായാല്‍ നമുക്ക് വാര്‍ത്തെടുക്കാനാകില്ലേ മനുഷ്യത്വവും ധാര്‍മ്മികതയും പ്രതികരണശേഷിമുള്ള ഒരു പുതിയ ഇന്ത്യയെ??...

പെട്ടെന്നു കേള്‍ക്കുമ്പോ... “ആഹഹ... എത്ര മനോഹരമായ നടക്കാത്ത സ്വപ്നം...!!!”

ഒരിക്കല്‍ കൂടി ഒന്നു ചിന്തിച്ച് നോക്കൂ.... മുഴുവന്‍പേരെയും വേണ്ട.. സ്വയം തിരുത്തി സ്വയം മാതൃകയായി നമുക്ക് ചുറ്റും ഉള്ള ഒരാളെയെങ്കിലും തിരുത്താന്‍ നമ്മളെ പോലെ ചിന്തിപ്പിയ്ക്കാന്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ നമുക്ക് ഓരോര്‍ത്തര്‍ക്കും കഴിയില്ലേ..

കഴിയും.. തീര്‍ച്ചയായും കഴിയും...

ഒരു പുതിയ ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള ഇഷ്ടികകള്‍ നമ്മള്‍ തന്നെ ആണ്.. 

കൊടികളുടെയും ധര്‍ണ്ണകളുടെയും മുദ്രാവാക്യങ്ങളുടെയും ഭാരമില്ലാതെ, ജാതിമതവര്‍ണ്ണവര്‍ഗ്ഗരാഷ്ട്രീയ ഭേതമില്ലാതെ  പച്ചമനുഷ്യരായി നമുക്ക്  ജീവിയ്ക്കാം..ഒരു നല്ല ഇന്ത്യക്ക് വേണ്ടി... ഒരു നല്ല സ്വപ്നത്തി
ന്‍റെ സാക്ഷാത്കാരത്തിനു വേണ്ടി...


വാല്‍ക്കഷ്ണം:

ഒരു മൊബൈലിലോ ചെറിയ ക്യാമറയിലോ ഈ രംഗം പകര്‍ത്തി എന്‍ ഡി ടിവി യിലൂടെ ലോകത്തിനു കാണിച്ച് കൊടുത്തത് തീര്‍ച്ചയായും ഒരു യുവാവ് തന്നെ ആയിരിയ്ക്കും.. വെട്രിവേലിനെ പോലെ ഒരു മനുഷ്യന്‍.. അയാള്‍ക്കും കഴിയുമായിരുന്നില്ലേ.. ഒന്നു സഹായിക്കാന്‍, ആ പാവത്തെ.?????

Build yourself, build India...

2 comments:

  1. ബില്‍ഡ് അവെഴ്സേല്ഫ് എന്നല്ലേ ഉചിതം ?

    ReplyDelete
  2. its a must read.. tnx for d article..

    ReplyDelete